അഞ്ചല്‍ : കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പരിസ്ഥിതി ദുര്‍ബല മേഖലയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട പഞ്ചായത്തിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അലയമണ്‍ പഞ്ചായത്ത് പ്രമേയം പാസാക്കി. മുതിര്‍ന്ന അംഗവും പഞ്ചായത്ത് മുന്‍പ്രസിഡന്റുമായ ജേക്കബ് മാത്യുവാണ് പ്രമേയം അവതരിപ്പിച്ചത്.
കരട് പട്ടികയില്‍ ഉള്‍പ്പെട്ട ചണ്ണപ്പേട്ട വില്ലേജിലെ ജനവാസ മേഖലയെ പൂര്‍ണമായും ഒഴിവാക്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയും അവരുടെ ബുദ്ധിമുട്ടുകള്‍ പഠിക്കുകയും ചെയ്തിട്ടുവേണം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനെന്ന് പ്രമേയം ആവശ്യപ്പെടുന്നു. വീണ്ടും സര്‍വെ ഉള്‍പ്പടെയുള്ളവ നടത്തി റവന്യൂ ഭൂമി പൂര്‍ണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഭരണസമിതി ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയത്. പ്രമേയത്തിന്റെ കോപ്പി എം.എം. നസീര്‍ എംഎല്‍എക്ക് കൈമാറി. സര്‍ക്കാരിലേക്ക് പ്രമേയം കൈമാറും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ലിസ്റ്റിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്നു പ്രതിഷേധവും ആശങ്കയും ഉയരുകയാണ്.
വില്ലേജുകളുടെ പേരുകള്‍ പുറത്തുവിട്ടതൊഴിച്ചാല്‍ വില്ലേജുകള്‍ പൂര്‍ണമായി ഉള്‍പ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ ലിസ്റ്റില്‍ വ്യക്തമല്ല. സര്‍ക്കാര്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ച രൂപരേഖയിലും ഇതു വ്യക്തമല്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നാല്‍കാനുള്ള തീരുമാനത്തിലാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. ഹൈക്കോടതിയില്‍ നടന്നുവരുന്ന കേസില്‍ ആവശ്യമെങ്കില്‍ കക്ഷിചേരാനും ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.